Monday, August 23, 2010

മലയാളത്തില്‍ താരാധിപത്യം ഒരുവര്‍ഷത്തിനകം തീരും: വിനയന്‍



മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ ഇനി ഒരു വര്‍ഷം കൂടിയേ ഉണ്ടാകൂവെന്ന് സംവിധായകന്‍ വിനയന്‍.  ഇപ്പോഴുള്ള സൂപ്പര്‍ താരങ്ങള്‍ മുന്‍ സൂപ്പര്‍ താരങ്ങളായി  ഒരുവര്‍ഷം കഴിഞ്ഞാല്‍ മാറും. പിന്നീട് സൂപ്പര്‍ താരാധിപത്യമുണ്ടാകില്ല.  'യക്ഷിയും ഞാനും' എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട്  തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.

മലയാള സിനിമയില്‍ താരാധിപത്യം മാറണം. സൂപ്പര്‍ താരങ്ങള്‍ നടന്‍മാര്‍ എന്ന നിലയില്‍ മാത്രമല്ല, വ്യവസായത്തെ കൈപ്പിടിയിലാക്കിയിരിക്കുന്നതും  അവരും  ശിങ്കിടികളുമാണ്. ഇനി ആര്‍ക്കും സൂപ്പര്‍ താരപദവിയില്‍ എത്താന്‍ കഴിയില്ല. താരാധിപത്യവും  അവരുടെ സംഘടനകളും ഒരുക്കിയ പ്രതിബന്ധങ്ങളും മറികടന്നാണ് യക്ഷിയും ഞാനും തിയേറ്ററുകളിലെത്തിച്ചത്.

തന്നെ സിനിമചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ വെല്ലുവിളി. അതിനുവേണ്ടി വളരെ വൃത്തികെട്ട രീതിയില്‍ അവര്‍ പ്രവര്‍ത്തിച്ചു. താരാധിപത്യമെന്ന ശാപമാണ് മലയാള സിനിമയുടെ അന്തകനാകുന്നത്. അതു തന്നെയാണ് യക്ഷിയും ഞാനും എന്ന സിനിമയ്ക്കെതിരെ പ്രവര്‍ത്തിച്ചത്. എല്ലാത്തിനെയും അതിജീവിച്ചാണ് ഇപ്പോള്‍ സിനിമ തിയേറ്ററിലെത്തിയിരിക്കുന്നത്. ഷൂട്ടിംഗ് സമയത്ത് സാങ്കേതിക പ്രവര്‍ത്തകരെയും നടീനടന്മാരെയും ഭീഷണിപ്പെടുത്തി ഒഴിവാക്കി. 

ഒരു ചാനലിനെ നിയന്ത്രിക്കുന്ന സൂപ്പര്‍സ്റാര്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്, തന്റെ സിനിമയുടെ ഒരു ക്ലിപ്പിംഗ് പോലും ചാനലില്‍ കാണിക്കരുതെന്നാണ്. വളരെ മ്ലേച്ഛമായ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നതെന്നും വിനയന്‍ പറഞ്ഞു. നടന്‍മാരായ ഗൌതം, സുധീര്‍, സാങ്കേതിക പ്രവര്‍ത്തകരായ പ്രദീപ്, നവാസ് എന്നിവരും സന്നിഹിതരായിരുന്നു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് എം.എം. സുബൈര്‍ സ്വാഗതവും സെക്രട്ടറി ബിജു ചന്ദ്രശേഖര്‍ നന്ദിയും രേഖപ്പെടുത്തി.


vinayan, yakshiyum njanum, yakshiyum njanum press conference, superstars, malayalam cinema

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.