Monday, August 23, 2010

മലയാളസിനിമ സംഘടനകള്‍ക്കെതിരെ കമലഹാസന്റെ മറുപടി



തന്നെ ആദരിക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച മലയാളസിനിമയിലെ സംഘടനകള്‍ക്കെതിരെ നടന്‍ കമലഹാസന്റെ ശക്തമായ മറുപടി. മലയാള സിനിമയെക്കുറിച്ച് മുപ്പത് വര്‍ഷത്തില്‍ താഴെ അറിവുള്ളവരാണ് തന്നെ ആദരിക്കുന്നതിന് വിയോജിപ്പ് പ്രകടിപ്പിച്ചവരും ഒരു തമിഴനെ എന്തിന് ആദരിക്കണമെന്ന് ചോദിച്ചവരുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം കമലഹാസന്‍. 
കമലഹാസനെന്ന നടന്‍ ജനിച്ചുവളര്‍ന്നത് മലയാള സിനിമയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ കേരള സര്‍ക്കാറിന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം . 

അഞ്ച് വയസ്സുള്ളപ്പോള്‍ മലയാള സിനിമയിലെത്തിയവനാണ് താന്‍. മാതാപിതാക്കളുടെ സ്നേഹം തന്നാണ് മലയാളികള്‍ വളര്‍ത്തിയത്. തിരുവനന്തപുരത്തെ തെരുവിലൂടെ ഒരു സാധാരണ കലാകാരനായി ചുറ്റിത്തിരിഞ്ഞ് നടന്ന ഭൂതകാലമുണ്ട്. അന്നൊക്കെ ഒരു  കൈയടിക്ക് ഒരുപാട് കൊതിച്ചിട്ടുണ്ട്. ഇന്ന് ഒരു സംസ്ഥാനം മുഴുവന്‍ കൈയടിക്കുന്നതില്‍ ഞാന്‍ അതീവ സന്തോഷവാനും നന്ദിയുള്ളവനുമാണ്. അഭിനയജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും കഴിവുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനായിട്ടില്ലെന്ന് മനസ്സിലാക്കുന്നവനാണ് താന്‍.രാഷ്ട്രീയക്കാരുടെ വലംകൈകളാകുന്ന കലാകാരന്മാരാണ് തമിഴില്‍ അധികവും. പക്ഷേ, സാധാരണക്കാരുടെ കലാകാരനാകാനാണ് എനിക്കാഗ്രഹം. എന്റെ കഴിവുകള്‍ക്ക് എന്നും താങ്ങായ മലയാള സിനിമയെ നന്ദിയോടെയും ഗൃഹാതുരത്വത്തോടെയും മാത്രമേ ഓര്‍ക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.  

മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കമലഹാസനെ പൊന്നാടയണിച്ച് ആദരിച്ചു.താര സംഘടനയായ അമ്മയുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ചടങ്ങ് ബഹിഷ്കരിച്ച മലയാള താരങ്ങളെ മുഖ്യമന്ത്രിയും വിമര്‍ശിച്ചു. പരസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ കലയെക്കാള്‍ പ്രാധാന്യം നല്‍കുന്നവര്‍ ആണ് അത്തരം താരങ്ങലെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ കമലഹാസന്‍ ഒരിക്കലും തന്റെ ജനപ്രീതി ദുരുപയോഗം ചെയ്തിട്ടില്ല.

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു.  കമലഹാസന്റെ ജീവിതത്തെ ആസ്പദമാക്കി കമലദളം എന്ന പേരില്‍ രംഗാവിഷ്കാരവും അരങ്ങേറി.


tags: kamal hasan, malayala cinema, kamaladalam

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.