Thursday, August 12, 2010

വെള്ളിയാഴ്ച (30) നാല് മലയാള പടങ്ങള്‍!


വെള്ളിയാഴ്ച 30 ന് കേരളത്തിലെ തീയറ്ററുകളില്‍ എത്തുന്നത് നാല് മലയാള പടങ്ങള്‍. പപ്പന്‍ പയറ്റുവിളയുടെ 'അഡ്വ. ലക്ഷ്മണന്‍ ലേഡീസ് ഒണ്‍ലി', രമേഷ് ദാസിന്റെ 'തസ്കര ലഹള', ബിജു വട്ടപ്പാറയുടെ 'രാമരാവണന്‍', നന്ദകുമാര്‍ കാവിലിന്റെ 'അവന്‍' എന്നിവയാണ് 30 റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍.

മുകേഷ്, സുരാജ്, സലീംകുമാര്‍, ജഗദീഷ്, മല്ലികാ കപൂര്‍, ലക്ഷ്മി ശര്‍മ തുടങ്ങിയവര്‍ അഭിനയിക്കുന്ന 'അഡ്വ. ലക്ഷ്മണന്‍' പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ്. തിരുവനന്തപുരത്ത് അജന്തയിലാണ് റിലീസ്. ജഗതി, സുരാജ്, ഭീമന്‍ രഘു, ലക്ഷ്മി ശര്‍മ ഉള്‍പ്പെടെ നിരവധി കോമഡി താരങ്ങള്‍ അണിനിരക്കുന്ന 'തസ്കര ലഹള' തിരുവനന്തപുരത്ത് ശ്രീപത്മനാഭയില്‍ എത്തും.

ബാല, വിജയ് യേശുദാസ്, മുക്ത തുടങ്ങിയവര്‍ അഭിനയിക്കുന്ന 'അവന്‍' തിരുവനന്തപുരത്ത് അഞ്ജലിയിലാണ്. ബിജു വട്ടപ്പാറയുടെ 'രാമരാവണന്‍' മാധവിക്കുട്ടിയുടെ മനോമി എന്ന കഥയെ ആസ്പദമാക്കി തയാറാക്കിയതാണ്. സുരേഷ് ഗോപി, മിത്ര, നെടുമുടി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഇതിന് പുറമേ 29ന് വി.എം വിനുവിന്റെ 'പെണ്‍പട്ടണം' പുറത്തിറങ്ങിയിരുന്നു. രഞ്ജിത്തിന്റെ കഥക്ക് ടി.എ റസാക്ക് തിരക്കഥയെഴുതിയ ചിത്രം കൃപയിലാണ്. രേവതി, ശ്വേതാ മേനോന്‍, കെ.പി.എ.സി ലളിത, വിഷ്ണുപ്രിയ, കൈലാഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

29ന് ഇറങ്ങാനിരുന്ന വിനയന്റെ 'യക്ഷിയും ഞാനും' അവസാന നിമിഷം ഫിലിം ചേംബറിന്റെ ഉപരോധത്തെ ത്തുടര്‍ന്ന് പുറത്തിറക്കിറക്കാനായില്ല. എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ആദ്യം ചിത്രം റിലീസ് ചെയ്യാമെന്ന് സമ്മതിച്ചിരുന്നെങ്കിലും ഒടുവില്‍ ചേംബറിനൊപ്പം കൂടുകയായിരുന്നു.

തന്റെ ചിത്രം പുറത്തിറക്കാന്‍ സമ്മതിക്കാത്തത് സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള വരേണ്യ ലോബിയാണെന്ന് വിനയന്‍ ആരോപിച്ചു. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.