Friday, July 9, 2010

നിരൂപണം: താരമേളം മാത്രമായി പോക്കിരിരാജ




നിരൂപണം: താരമേളം മാത്രമായി പോക്കിരിരാജ
മമ്മൂട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ നര്‍മപ്രധാന ചിത്രങ്ങളുടെ പിന്തുടര്‍ച്ചയെന്നോണം പുതുമുഖ സംവിധായകന്‍ വൈശാഖ് സംവിധാനം ചെയ്ത 'പോക്കിരിരാജ' താരമേളമാണ്, മമ്മൂട്ടിയെയും പൃഥ്വിരാജിനെയും ഒന്നിച്ചുനിര്‍ത്തി അവരുടെ ആരാധകരെ സന്തോഷിപ്പിക്കാനായി മാത്രം അണിയിച്ചൊരുക്കിയ താരങ്ങളുടെ മേളം.
പ്രത്യേക സ്ലാംഗും ഒരു ഗെറ്റപ്പും അടുത്തുള്ള ഏതെങ്കിലും സംസ്ഥാനത്തിലെ ജീവിതശൈലികളും പകര്‍ന്നുനല്‍കിയാല്‍ ഇത്തരം ചിത്രങ്ങളില്‍ നായകനുള്ള സവിശേഷതകളായി. അപ്രകാരം മുറി ഇംഗ്ലീഷും മധുരയിലെ ഗുണ്ടാ ശൈലിയും കപ്പടാ മീശയുമാണ് രാജ (മമ്മൂട്ടി;) എന്ന നായകന് നല്‍കിയിരിക്കുന്ന പരിവേഷം.

പാലക്കാട് കൊല്ലങ്കോട്ടെ ഒരു ഗ്രാമപ്രദേശത്താണ് കഥ തുടങ്ങുന്നത്. നാട്ടിലെ പ്രമാണിയായ മാധവന്‍മാഷി(നെടുമുടി വേണു;)നു രണ്ടു ആണ്‍മക്കളാണ് - രാജയും സൂര്യയും. ഒരിക്കല്‍ നാട്ടിലെ ഉല്‍സവം നടത്തിപ്പുമായി ബന്ധപ്പെട്ട സംഭവത്തില്‍ കൈയബദ്ധത്തില്‍ മാഷിന് ഒരാളെ കൊല്ലേണ്ടിവരുന്നു. തന്റെ കൈകൊണ്ടാണ് കൊല നടന്നതെന്ന് അദ്ദേഹം അറിയുന്നുമില്ല. ഈ ഘട്ടത്തില്‍ മകന്‍ രാജ മാഷിന്റെ മാനം രക്ഷിക്കാന്‍ കുറ്റമേറ്റെടുത്ത് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് പോകുന്നു.

അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ മടങ്ങിയെത്തുമ്പോള്‍ രാജ അച്ഛനുപോലും വേണ്ടാത്തവനായി നാടുവിടുന്നു. മധുരയിലെത്തിയ അവന്‍ പോക്കിരിയാകുന്നു, വളര്‍ന്നപ്പോള്‍ അവിടം വാഴുന്ന പോക്കിരി രാജ (മമ്മൂട്ടി;) യാകുന്നു. കഥ തുടങ്ങുന്നതിങ്ങനെയാണ്.

ഇതേസമയം നാട്ടില്‍ അനിയന്‍ സൂര്യയും (പൃഥ്വിരാജ്;) തന്റേടിയായാണ് വളരുന്നത്. അടിക്കാന്‍ വരുന്നവനെ അവനും അടിച്ചുനിരത്തും. കമീഷണര്‍ രാജേന്ദ്രബാബു (സിദ്ദിഖ്;) വിന്റെ മകള്‍ അശ്വതി (ശ്രീയ ശരണ്‍;)യുമായി സൂര്യ പ്രണയത്തിലാകുന്നു. ആ ബന്ധത്തില്‍ നിന്ന് അവളെ രക്ഷിക്കാന്‍ സൂര്യയെ കള്ളക്കേസില്‍ അകത്താക്കുകയാണ് കമീഷണര്‍. സൂര്യയെ ജയിലില്‍ വെച്ച് തന്നെ തട്ടാന്‍ അയാളെ മധുരയിലെ പോക്കിരിക്ക് ക്വട്ടേഷന്‍ നല്‍കുന്നു. കമീഷണറില്‍ നിന്ന് സൂര്യയെ രക്ഷിക്കാന്‍ മാധവന്‍ മാഷും മധുരയില്‍ പോക്കിരിക്ക് ക്വട്ടേഷന്‍ നല്‍കുന്നു.
രണ്ടു ക്വട്ടേഷനും ലഭിക്കുന്നത് സൂര്യയുടെ ജ്യേഷ്ഠന്‍ രാജക്ക് തന്നെ! ഒടുവില്‍ അനുജനാണ് തന്റെ ഇരയെന്ന് തിരിച്ചറിഞ്ഞ രാജ അവന്റെ പക്ഷത്തേക്ക് തന്ത്രപരമായി മാറുന്നതോടെ കഥ ആവേശകരമാകുന്നു.

ഈ ഗണത്തില്‍ ചട്ടമ്പിനാടുവരെയുള്ള സിനിമകളുടെ ഏതെങ്കിലും ഒരംശമെങ്കിലും വീതം പെറുക്കികോര്‍ത്താണ് പോക്കിരിരാജ തയാറാക്കിയിരിക്കുന്നതെന്ന് ഇനി പ്രത്യേക പറയേണ്ടല്ലോ. തിരക്കഥാകൃത്തുക്കളായ സിബിക്കും ഉദയനും അതുകൊണ്ടുതന്നെ കാര്യമായി പുതുമ തേടേണ്ടിയും വന്നിട്ടില്ല. രാജമാണിക്യം തുടങ്ങിവെച്ച ട്രെന്റ് പിന്തുടര്‍ന്ന മിക്ക ചിത്രങ്ങളും ചവച്ചുതുപ്പിയ രംഗങ്ങളും സ്റ്റൈലുകളും തന്നെ ഇതിലും കാണാനാകും.

ഒപ്പം ട്വന്റി 20 പോലെ താരപ്രഭയില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പൃഥ്വിരാജിനും ആദ്യപകുതിയില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ രംഗങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇടവേളമുതല്‍ മമ്മൂട്ടി വന്ന ശേഷം രാജ എന്ന കഥാപാത്രം എപ്പോഴും ഒരു പടി മുകളിലായിരിക്കാനും തിരക്കഥയില്‍ ശ്രദ്ധിച്ചിട്ടുണ്ട്.

സംവിധായകനാണ് ആശ്വാസം. വൈശാഖില്‍ നിന്ന് നല്ല തട്ടുപൊളിപ്പന്‍ എന്റര്‍ടൈയ്നറുകള്‍ ഭാവിയില്‍ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു. (നല്ല തിരക്കഥ കൈയില്‍ കിട്ടണം;). സംവിധാനത്തിലെ മികവാണ് രണ്ടേക്കാല്‍ മണിക്കൂറുള്ള ചിത്രത്തില്‍ കാര്യമായി യാതൊരു പുതുമയുമില്ലെങ്കിലും ഇഴച്ചില്‍ അനുഭവപ്പെടാതെ കണ്ടിരിക്കാന്‍ സഹായിക്കുന്നത്.

പിന്നെ സൂപ്പര്‍താരം മമ്മൂട്ടിയുടെയും യുവസൂപ്പര്‍താരം പൃഥ്വിയുടെയും താരപദവികള്‍ നന്നായി പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. ഇരുവരുടെയും ആരാധകര്‍ക്ക് കൈയടിക്കാവുന്ന വിധത്തില്‍ അവരെ അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം ഒരു തമിഴ്, തെലുങ്ക് സ്റ്റൈലില്‍ താരങ്ങളെ സുഖിപ്പിക്കുന്ന ഡയലോഗുകളും തിരുകിക്കയറ്റിയിട്ടുണ്ട്.

മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ സ്ലാംഗിന്റെ പ്രത്യേകത മുറി ഇംഗ്ലീഷാണ്. ചില ഡയലോഗുകള്‍ ചിരിയുണര്‍ത്തും. പൃഥ്വി പുതിയമുഖത്തില്‍ ഉണ്ടാക്കിയെടുത്ത റെബല്‍സ്റ്റാര്‍ ഇമേജ് നിലനിര്‍ത്തുന്ന വിധമാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശ്രീയ ശരണ് കാര്യമായി അഭിനയിച്ചു തെളിയിക്കാനൊന്നുമില്ലെങ്കിലും പൃഥ്വിക്കു ചേരുന്ന ജോഡിയാണ്.

ഗാനങ്ങള്‍ ഒരുക്കിയ ജാസി ഗിഫ്റ്റ് അദ്ദേഹത്തിന്റെ പഴയ നിലവാരത്തിനടുത്ത് എത്തിയില്ലെന്നത് സത്യമാണ്. എങ്കിലും ചിത്രത്തില്‍ ഉള്‍പ്പെടുത്താനാവാതെ പോയ മണിക്കിനാവില്‍ എന്ന ഗാനം നിലവാരം പുലര്‍ത്തുന്നു. സിനിമയില്‍ കാണിക്കുന്ന ഗാനങ്ങളില്‍ 'കേട്ടില്ലേ ' സാമാന്യം നന്നായിട്ടുണ്ട്.

സിനിമയുടെ ആകെത്തുക പഴയ വീഞ്ഞുകള്‍ (ബഹുവചനം മനപൂര്‍വം ഉപയോഗിച്ചതാണ്;) പുതിയ കുപ്പിയില്‍ പുതിയ താരപരിവേഷത്തില്‍ നല്‍കി എന്നതാണ്. മമ്മൂട്ടിയും പൃഥ്വിയും ഒന്നിച്ചുള്ള താരമേളം കാണാനും കഥയും യുക്തിയും ഒന്നുമില്ലാതെ ആസ്വദിക്കാനും താല്‍പര്യമുള്ളവര്‍ക്ക് ധൈര്യപൂര്‍വം കയറാവുന്ന സിനിമ. നല്ല 'പാണ്ടിത്യം' ഉള്ള മലയാളസിനിമയെന്നും പോക്കിരിരാജയെ വിശേഷിപ്പിക്കാം.

-review by Aashish

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.