Wednesday, January 13, 2021

വിനോദ നികുതിയിലടക്കം ഇളവുകൾ; സിനിമാരംഗത്തിന് സർക്കാരിന്റെ കൈത്താങ്ങ്2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തിയറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണൽ നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയർഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Saturday, January 2, 2021

അന്താരാഷ്ട്ര ചലച്ചിത്ര മേള ഫെബ്രുവരി 10 മുതൽ നാലുമേഖലകളിൽ


*മേള തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിൽ

*കോവിഡ് നെഗറ്റീവായവർക്ക് മാത്രം പാസ്

*വിദേശ അതിഥികളുടെ പങ്കെടുക്കുക ഓൺലൈനായി

കോവിഡ് പശ്ചാത്തലത്തിൽ 25-ാംമത് അന്താരാഷ്ട്ര ചലച്ചിത്ര മേള നാലു മേഖലകളിലായി നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിച്ച് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. ഓരോ മേഖലയിലും അഞ്ചു ദിവസങ്ങളിലായി അഞ്ചു തീയറ്ററുകളിലാണ് മേള. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും എറണാകുളത്ത് 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച്  ഒന്ന് മുതൽ അഞ്ചു വരെയുമാണ് മേള സംഘടിപ്പിക്കുക.  ആന്റിജൻ ടെസ്റ്റ് നെഗറ്റീവായവർക്കു മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. ഡെലിഗേറ്റ് പാസ് വാങ്ങുന്നതിന് മുമ്പ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യ വകുപ്പുമായി ചേർന്ന് ചലച്ചിത്ര അക്കാദമി ഒരുക്കും. മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പാസ്  അനുവദിക്കും. ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടർന്നും തിരുവനന്തപുരം തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും.  മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആൾക്കൂട്ടമുള്ള സാംസ്‌കാരിക പരിപാടികളോ ഉണ്ടായിരിക്കില്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാർത്ഥികൾക്ക് 400  രൂപയുമാണ്. പ്രതിനിധികൾ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്തണം. ഡെലിഗേറ്റുകൾ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം മേളയിൽ പങ്കെടുക്കേണ്ടത്. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിൽ ആയിരിക്കും. സീറ്റ് നമ്പർ അടക്കം റിസർവേഷനിൽ ലഭിക്കും. ഓരോ തീയറ്ററിലും 200 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കു. തെർമൽ സ്‌കാനിംഗ് നടത്തിയതിന് ശേഷമായിരിക്കും പ്രവേശനം. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളിൽ സീറ്റ് നൽകുകയുള്ളൂ. ഓരോ പ്രദർശനം കഴിയുമ്പോഴും തിയേറ്ററുകൾ സാനിറ്റൈസ് ചെയ്യും.
മീറ്റ് ദ ഡയറക്ടർ, പ്രസ് മീറ്റ്, മാസ്റ്റർ ക്ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴിയായിരിക്കും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കുന്നതല്ല. അന്താരാഷ്ട്ര മൽസര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്‌കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയിൽ ഉണ്ടായിരിക്കും. ഓരോ മേഖലയിലും ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്തിയ എല്ലാ സിനിമകളും പ്രദർശിപ്പിക്കും. ഒരു ദിവസം ഒരു തിയേറ്ററിൽ നാലു ചിത്രങ്ങൾ വീതമാണ് പ്രദർശിപ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദർശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനങ്ങൾ വീതമാണ് ഉണ്ടാവുക.

Thursday, December 24, 2020

25 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള: മത്‌സര വിഭാഗത്തിൽ ചുരുളിയും ഹാസ്യവും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി', ജയരാജ് സംവിധാനം ചെയ്ത 'ഹാസ്യം' എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തു.
മൽസരവിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്ന് മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'കോസ', അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'സ്ഥൽ പുരാൽ' എന്നിവ തിരഞ്ഞെടുത്തു.
സംവിധായകൻ മോഹൻ ചെയർമാനും എസ്. കുമാർ, പ്രദീപ് നായർ, പ്രിയ നായർ, ഫാദർ ബെന്നി ബെനഡിക്ട് അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തിരഞ്ഞെടുത്തത്.
മലയാളം സിനിമാ ടുഡേ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങൾ: ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ.പി. കുയിൽ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലൗ (ഖാലിദ് റഹ്‌മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്‌ലി), അറ്റൻഷൻ പ്ലീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക- ദി റിവർ ഓഫ് ബ്‌ളഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്‌ഡേ), പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), കയറ്റം (സനൽകുമാർ ശശിധരൻ).
സണ്ണി ജോസഫ് ചെയർമാനും നന്ദിനി രാംനാഥ്, ജയൻ കെ. ചെറിയാൻ, പ്രദീപ് കുർബ, പി.വി ഷാജികുമാർ എന്നിവർ അംഗങ്ങളായ സമിതിയാണ് ഇന്ത്യൻ സിനിമകൾ തിരഞ്ഞെടുത്തത്.
ഇന്ത്യൻ സിനിമാ നൗ വിഭാഗത്തിൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ: മൈൽ സ്‌റ്റോൺ (ഇവാൻ ഐർ- ഹിന്ദി, പഞ്ചാബി, കാശ്മീരി), നാസിർ (അരുൺ കാർത്തിക്ക് -തമിഴ്), ഹോഴ്‌സ ടെയിൽ (മനോജ് ജഹ്‌സൻ, ശ്യം സുന്ദർ- തമിഴ്), ദി ഡിസൈപ്പിൾ (ചൈതന്യ തമാനേ- മറാത്തി, ഇംഗ്‌ളീഷ്, ഹിന്ദി, ബംഗാളി), പിഗ് (തമിഴ്- തമിഴ്), വെയർ ഈസ് പിങ്കി (പൃഥ്വി കൊനാനൂർ- കന്നഡ), ദി ഷെപ്പേഡസ് ആൻറ് സെവൻ സോംഗ്‌സ് (പുഷ്‌പേന്ദ്ര സിംഗ്- ഹിന്ദി).
കമൽ, ബീന പോൾ, സിബി മലയിൽ, റസൂൽ പൂക്കുട്ടി, വി.കെ. ജോസഫ് എന്നിവരടങ്ങുന്ന സമിതിയാണ് കലൈഡോസ്‌കോപ്പ് വിഭാഗത്തിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ചിത്രങ്ങൾ ചുവടെ:
1956, മധ്യ തിരുവിതാംകൂർ (ഡോൺ പാലത്തറ- മലയാളം), ബിരിയാണി (സജിൻ ബാബു- മലയാളം), വാസന്തി (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ- മലയാളം), മയർ ജോംജർ (ഇന്ദ്രാണിൽ റോയ് ചൗധരി- ബംഗാളി), ഇല്ലിരളാരെ അല്ലിഗെ ഹൊഗളാരെ (ഗിരീഷ് കാസറവള്ളി- കന്നഡ), അപ്പ്, അപ്പ് ആൻറ് അപ്പ് (ഗോവിന്ദ് നിഹ്‌ലാനി- ഇംഗ്‌ളീഷ്).

അവസാന യാത്ര വിഫലം, നരണിപ്പുഴ ഷാനവാസ് വിടവാങ്ങി

 
പുതു ജീവനായുള്ള അവസാനയാത്ര വിഫലമായി, സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് (37) യാത്രയായി.
'സൂഫിയും സുജാതയും ' ചിത്രത്തിന്റെ സംവിധായകനായിരുന്ന ഷാനവാസിന്റെ അന്ത്യം രാത്രി 10 15 ഓടെ എറണാകുളത്തെ ആസ്റ്റർമെഡിസിറ്റിയിലായിരുന്നു.

അട്ടപ്പാടിയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഷാനവാസിനെ കോയമ്പത്തൂര്‍ കെ ജി ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് കോയമ്പത്തൂരിൽ നിന്ന് രാത്രിയോടെയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് എത്തിച്ചത്. ജീവൻ നിലനിർത്തിയിരുന്നത് വെൻറിലേറ്റർ സഹായത്തോടെയായിരുന്നു. 
ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കാൻ വഴി നീളെ ക്രമീകരണങ്ങളൊക്കി നാടും കൂടെ നിന്നു.
എന്നാൽ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമാക്കി 10.15 ഓടെ അദ്ദേഹം അന്തരിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്.
ജയസൂര്യ, അതിഥി റാവു, ദേവ് മോഹൻ എന്നിവർ മുഖ്യ വേഷത്തിലെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ഷാനവാസ്.

മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ് 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.  ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ കരി
നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് പുരസ്‍കാരങ്ങൾ നേടിയിരുന്നു. പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു ഷാനവാസ്.

 ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. 

ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ അനുശോചിച്ചു.

Friday, August 21, 2020

IFFK: ചലച്ചിത്രമേള ഇത്തവണ ഓൺലൈനാകുമോ?

കേരള രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്. കെക്ക് ഓൺലൈൻ സാധ്യത പരിശോധിക്കുന്നു. 
കോവിഡ് പശ്ചാത്തലത്തിൽ സാധാരണ രീതിയിൽ നടത്താനാവാതെ വരുന്ന സാഹചര്യത്തിലാകും ആദ്യമായി ഓൺലൈനിലേക്ക് കേരളത്തിന്റെ  വിഖ്യാതമായ ചലച്ചിത്രമേള ഇത്തവണത്തേക്കെങ്കിലും പറിച്ചു നടേണ്ടി വരിക. 
സാധാരണ രീതിയിൽ നടത്താനായില്ലെങ്കിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് കഴിഞ്ഞ ദിവസം സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മേളയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. ഡിസംബറിൽ നടത്താനായില്ലെങ്കിൽ അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതിനു സാധിച്ചില്ലെങ്കിലാണ് ഓൺലൈൻ മേള പരിഗണിക്കുകയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഡോക്യുസ്‌കേപ്‌സ് : ഹ്രസ്വ ചലച്ചിത്രമേള ഇത്തവണ ഓൺലൈനിൽ

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഓൺലൈനായി നടത്തുന്നു. 
ഡോക്യുസ്‌കേപ്‌സ് ഐ. ഡി. എസ്. എഫ് എഫ്. കെ വിന്നേഴ്‌സ് എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്. 
ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 21 മുതൽ 28 വരെയാണ് ഓൺലൈനായി നടത്തുന്നത്. 14 ഡോക്യുമെന്ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും നാല് ക്യാമ്പസ് സിനിമകളും ആറ് അനിമേഷൻ ചിത്രങ്ങളും ഉൾപ്പെടെ 29 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ ഏഴെണ്ണം വിദേശ സിനിമകളാണ്. ഇതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് വൈകിട്ട് നാലു മണി മുതൽ 24 മണിക്കൂറിനകം ഇവ എപ്പോൾ വേണമെങ്കിലും കാണാം.
വിശദവിവരങ്ങൾ https://idsffk.in/ ൽ ലഭ്യമാണ്.
 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.